ഉല്പത്തി | പുറപ്പാട് | ലേവ്യപുസ്തകം | സംഖ്യാപുസ്തകം | ആവർത്തനം | യോശുവ | ന്യായാധിപന്മാർ | രൂത്ത് | 1 ശമൂവേൽ | 2 ശമൂവേൽ | 1 രാജാക്കന്മാർ | 2 രാജാക്കന്മാർ | 1 ദിനവൃത്താന്തം | 2 ദിനവൃത്താന്തം | എസ്രാ | നെഹെമ്യാവു | എസ്ഥേർ | ഇയ്യോബ് | സങ്കീർത്തനങ്ങൾ | സദൃശ്യവാക്യങ്ങൾ | സഭാപ്രസംഗി | ഉത്തമഗീതം | യെശയ്യാ | യിരമ്യാവു | വിലാപങ്ങൾ | യെഹേസ്കേൽ | ദാനീയേൽ | ഹോശേയ | യോവേൽ | ആമോസ് | ഓബദ്യാവു | യോനാ | മീഖാ | നഹൂം | ഹബക്കൂക്ക് | സെഫന്യാവു | ഹഗ്ഗായി | സെഖര്യാവു | മലാഖി |
മത്തായി | മർക്കൊസ് | ലൂക്കോസ് | യോഹന്നാൻ | പ്രവൃത്തികൾ | റോമർ | 1 കൊരിന്ത്യർ | 2 കൊരിന്ത്യർ | ഗലാത്യർ | എഫെസ്യർ | ഫിലിപ്പിയർ | കൊലൊസ്സ്യർ | 1 തെസ്സലൊനീക്യർ | 2 തെസ്സലൊനീക്യർ | 1 തിമൊഥെയൊസ് | 2 തിമൊഥെയൊസ് | തീത്തൊസ് | ഫിലേമോൻ | എബ്രായർ | യാക്കോബ് | 1 പത്രൊസ് | 2 പത്രൊസ് | 1 യോഹന്നാൻ | 2 യോഹന്നാൻ | 3 യോഹന്നാൻ | യൂദാ | വെളിപ്പാട് |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 |

1 രാജാക്കന്മാർ - 5


1 ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.

2 ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ:

3 എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാൽക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.

4 എന്നാൽ ഇപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു.

5 ആകയാൽ ഇതാ, ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയുമെന്നു യഹോവ എന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതു പോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ ഞാൻ വിചാരിക്കുന്നു.

6 ആകയാൽ ലെബാനോനിൽനിന്നു എനിക്കായി ദേവദാരുമരം മുറിപ്പാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്കും നീ പറയുന്ന കൂലി ഞാൻ എത്തിച്ചു തരാം; സീദോന്യരെപ്പോലെ മരം മുറിപ്പാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.

7 ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാൻ ദാവീദിന്നു ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

8 ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ഇച്ഛിച്ചതു ഒക്കെയും ഞാൻ ചെയ്യാം.

9 എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം.

10 അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു.

11 ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും.

12 യഹോവ ശലോമോനോടു അരുളിച്ചെയ്തതുപോലെ അവന്നു ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു.

13 ശലോമോൻ രാജാവു യിസ്രായേലിൽനിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാർ മുപ്പതിനായിരംപേരായിരുന്നു.

14 അവൻ അവരെ മാസംതോറും പതിനായിരംപേർവീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാർക്കു മേധാവി ആയിരുന്നു.

15 വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരന്മാരൊഴികെ

16 ശലോമോന്നു എഴുപതിനായിരം ചുമട്ടുകാരും മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.

17 ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാൻ അവർ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി.

18 ശലോമോന്റെ ശില്പികളും, ഹീരാമിന്റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തി ഒരുക്കി.