ഉല്പത്തി | പുറപ്പാട് | ലേവ്യപുസ്തകം | സംഖ്യാപുസ്തകം | ആവർത്തനം | യോശുവ | ന്യായാധിപന്മാർ | രൂത്ത് | 1 ശമൂവേൽ | 2 ശമൂവേൽ | 1 രാജാക്കന്മാർ | 2 രാജാക്കന്മാർ | 1 ദിനവൃത്താന്തം | 2 ദിനവൃത്താന്തം | എസ്രാ | നെഹെമ്യാവു | എസ്ഥേർ | ഇയ്യോബ് | സങ്കീർത്തനങ്ങൾ | സദൃശ്യവാക്യങ്ങൾ | സഭാപ്രസംഗി | ഉത്തമഗീതം | യെശയ്യാ | യിരമ്യാവു | വിലാപങ്ങൾ | യെഹേസ്കേൽ | ദാനീയേൽ | ഹോശേയ | യോവേൽ | ആമോസ് | ഓബദ്യാവു | യോനാ | മീഖാ | നഹൂം | ഹബക്കൂക്ക് | സെഫന്യാവു | ഹഗ്ഗായി | സെഖര്യാവു | മലാഖി |
മത്തായി | മർക്കൊസ് | ലൂക്കോസ് | യോഹന്നാൻ | പ്രവൃത്തികൾ | റോമർ | 1 കൊരിന്ത്യർ | 2 കൊരിന്ത്യർ | ഗലാത്യർ | എഫെസ്യർ | ഫിലിപ്പിയർ | കൊലൊസ്സ്യർ | 1 തെസ്സലൊനീക്യർ | 2 തെസ്സലൊനീക്യർ | 1 തിമൊഥെയൊസ് | 2 തിമൊഥെയൊസ് | തീത്തൊസ് | ഫിലേമോൻ | എബ്രായർ | യാക്കോബ് | 1 പത്രൊസ് | 2 പത്രൊസ് | 1 യോഹന്നാൻ | 2 യോഹന്നാൻ | 3 യോഹന്നാൻ | യൂദാ | വെളിപ്പാട് |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |

സങ്കീർത്തനങ്ങൾ - 22


1 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?

2 എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.

3 യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.

4 ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു; അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.

5 അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.

6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നേ.

7 എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവർ അധരം മലർത്തി തല കുലുക്കുന്നു;

8 യഹോവയിങ്കൽ നിന്നെത്തന്നേ സമർപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ! അവൻ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ.

9 നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി.

10 ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.

11 കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.

12 അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാൻ കൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.

13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു.

14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.

15 എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.

17 എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു.

18 എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.

19 നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.

20 വാളിങ്കൽനിന്നു എന്റെ പ്രാണനെയും നായുടെ കയ്യിൽനിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.

21 സിംഹത്തിന്റെ വായിൽനിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്കു ഉത്തരമരുളുന്നു.

22 ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.

23 യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.

24 അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.

25 മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു. അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.

26 എളിയവർ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.

27 ഭൂമിയുടെ അറുതികൾ ഒക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.

28 രാജത്വം യഹോവെക്കുള്ളതല്ലോ; അവൻ ജാതികളെ ഭരിക്കുന്നു.

29 ഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനും കൂടെ.

30 ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീർത്തിക്കും.

31 അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ നിവർത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വർണ്ണിക്കും.