ഉല്പത്തി | പുറപ്പാട് | ലേവ്യപുസ്തകം | സംഖ്യാപുസ്തകം | ആവർത്തനം | യോശുവ | ന്യായാധിപന്മാർ | രൂത്ത് | 1 ശമൂവേൽ | 2 ശമൂവേൽ | 1 രാജാക്കന്മാർ | 2 രാജാക്കന്മാർ | 1 ദിനവൃത്താന്തം | 2 ദിനവൃത്താന്തം | എസ്രാ | നെഹെമ്യാവു | എസ്ഥേർ | ഇയ്യോബ് | സങ്കീർത്തനങ്ങൾ | സദൃശ്യവാക്യങ്ങൾ | സഭാപ്രസംഗി | ഉത്തമഗീതം | യെശയ്യാ | യിരമ്യാവു | വിലാപങ്ങൾ | യെഹേസ്കേൽ | ദാനീയേൽ | ഹോശേയ | യോവേൽ | ആമോസ് | ഓബദ്യാവു | യോനാ | മീഖാ | നഹൂം | ഹബക്കൂക്ക് | സെഫന്യാവു | ഹഗ്ഗായി | സെഖര്യാവു | മലാഖി |
മത്തായി | മർക്കൊസ് | ലൂക്കോസ് | യോഹന്നാൻ | പ്രവൃത്തികൾ | റോമർ | 1 കൊരിന്ത്യർ | 2 കൊരിന്ത്യർ | ഗലാത്യർ | എഫെസ്യർ | ഫിലിപ്പിയർ | കൊലൊസ്സ്യർ | 1 തെസ്സലൊനീക്യർ | 2 തെസ്സലൊനീക്യർ | 1 തിമൊഥെയൊസ് | 2 തിമൊഥെയൊസ് | തീത്തൊസ് | ഫിലേമോൻ | എബ്രായർ | യാക്കോബ് | 1 പത്രൊസ് | 2 പത്രൊസ് | 1 യോഹന്നാൻ | 2 യോഹന്നാൻ | 3 യോഹന്നാൻ | യൂദാ | വെളിപ്പാട് |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |

യോഹന്നാൻ - 20


1 ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.

2 അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽ നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു;

3 അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കൽ ചെന്നു.

4 ഇരുവരും ഒന്നിച്ചു ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി;

5 കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും.

6 അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു

7 ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്നറൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടി വെച്ചിരിക്കുന്നതും കണ്ടു.

8 ആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.

9 അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ അതുവരെ അറിഞ്ഞില്ല.

10 അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.

11 എന്നാൽ മറിയ കല്ലെറക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി.

12 യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു.

13 അവർ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോടു പറഞ്ഞു.

14 ഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും.

15 യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു നിരൂപിച്ചിട്ടു അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു.

16 യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു;

17 അതിന്നു ഗുരു എന്നർത്ഥം. യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.

18 മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.

19 ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.

20 ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.

21 യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.

22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.

23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.

24 എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.

25 മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.

26 എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.

27 പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.

28 തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.

29 യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.

30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു.

31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.