ഉല്പത്തി | പുറപ്പാട് | ലേവ്യപുസ്തകം | സംഖ്യാപുസ്തകം | ആവർത്തനം | യോശുവ | ന്യായാധിപന്മാർ | രൂത്ത് | 1 ശമൂവേൽ | 2 ശമൂവേൽ | 1 രാജാക്കന്മാർ | 2 രാജാക്കന്മാർ | 1 ദിനവൃത്താന്തം | 2 ദിനവൃത്താന്തം | എസ്രാ | നെഹെമ്യാവു | എസ്ഥേർ | ഇയ്യോബ് | സങ്കീർത്തനങ്ങൾ | സദൃശ്യവാക്യങ്ങൾ | സഭാപ്രസംഗി | ഉത്തമഗീതം | യെശയ്യാ | യിരമ്യാവു | വിലാപങ്ങൾ | യെഹേസ്കേൽ | ദാനീയേൽ | ഹോശേയ | യോവേൽ | ആമോസ് | ഓബദ്യാവു | യോനാ | മീഖാ | നഹൂം | ഹബക്കൂക്ക് | സെഫന്യാവു | ഹഗ്ഗായി | സെഖര്യാവു | മലാഖി |
മത്തായി | മർക്കൊസ് | ലൂക്കോസ് | യോഹന്നാൻ | പ്രവൃത്തികൾ | റോമർ | 1 കൊരിന്ത്യർ | 2 കൊരിന്ത്യർ | ഗലാത്യർ | എഫെസ്യർ | ഫിലിപ്പിയർ | കൊലൊസ്സ്യർ | 1 തെസ്സലൊനീക്യർ | 2 തെസ്സലൊനീക്യർ | 1 തിമൊഥെയൊസ് | 2 തിമൊഥെയൊസ് | തീത്തൊസ് | ഫിലേമോൻ | എബ്രായർ | യാക്കോബ് | 1 പത്രൊസ് | 2 പത്രൊസ് | 1 യോഹന്നാൻ | 2 യോഹന്നാൻ | 3 യോഹന്നാൻ | യൂദാ | വെളിപ്പാട് |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 |

പ്രവൃത്തികൾ - 4


1 അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും

2 അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.

3 അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാൾവരെ കാവലിലാക്കി.

4 എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.

5 പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;

6 മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.

7 ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.

8 പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,

9 ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും

10 ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.

11 വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.

12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

13 അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.

14 സൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു.

15 അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു:

16 ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.

17 എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു.

18 പിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.

19 അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.

20 ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.

21 എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു.

22 ഈ അത്ഭുതത്താൽ സൌഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.

23 വിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു.

24 അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,

25 “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?

26 ഭൂമിയിലെ രാജാക്കന്മാർഅണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,

27 നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,

28 സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.

29 ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.

30 സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.

31 ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.

32 വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;

33 സകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.

34 മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടു വന്നു

35 അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.

36 പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്

37 എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.