ഉല്പത്തി | പുറപ്പാട് | ലേവ്യപുസ്തകം | സംഖ്യാപുസ്തകം | ആവർത്തനം | യോശുവ | ന്യായാധിപന്മാർ | രൂത്ത് | 1 ശമൂവേൽ | 2 ശമൂവേൽ | 1 രാജാക്കന്മാർ | 2 രാജാക്കന്മാർ | 1 ദിനവൃത്താന്തം | 2 ദിനവൃത്താന്തം | എസ്രാ | നെഹെമ്യാവു | എസ്ഥേർ | ഇയ്യോബ് | സങ്കീർത്തനങ്ങൾ | സദൃശ്യവാക്യങ്ങൾ | സഭാപ്രസംഗി | ഉത്തമഗീതം | യെശയ്യാ | യിരമ്യാവു | വിലാപങ്ങൾ | യെഹേസ്കേൽ | ദാനീയേൽ | ഹോശേയ | യോവേൽ | ആമോസ് | ഓബദ്യാവു | യോനാ | മീഖാ | നഹൂം | ഹബക്കൂക്ക് | സെഫന്യാവു | ഹഗ്ഗായി | സെഖര്യാവു | മലാഖി |
മത്തായി | മർക്കൊസ് | ലൂക്കോസ് | യോഹന്നാൻ | പ്രവൃത്തികൾ | റോമർ | 1 കൊരിന്ത്യർ | 2 കൊരിന്ത്യർ | ഗലാത്യർ | എഫെസ്യർ | ഫിലിപ്പിയർ | കൊലൊസ്സ്യർ | 1 തെസ്സലൊനീക്യർ | 2 തെസ്സലൊനീക്യർ | 1 തിമൊഥെയൊസ് | 2 തിമൊഥെയൊസ് | തീത്തൊസ് | ഫിലേമോൻ | എബ്രായർ | യാക്കോബ് | 1 പത്രൊസ് | 2 പത്രൊസ് | 1 യോഹന്നാൻ | 2 യോഹന്നാൻ | 3 യോഹന്നാൻ | യൂദാ | വെളിപ്പാട് |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 |

ആവർത്തനം - 22


1 സഹോദരന്റെ കാളയോ ആടോ തെറ്റി ഉഴലുന്നതു നീ കണ്ടാൽ അതിനെ വിട്ടു ഒഴിഞ്ഞുകളയാതെ സഹോദരന്റെ അടുക്കൽ എത്തിച്ചുകൊടുക്കേണം.

2 സഹോദരൻ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നുവരികിൽ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോകേണം; സഹോദരൻ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്റെ അടുക്കൽ ഇരിക്കേണം; പിന്നെ അവന്നു മടക്കിക്കൊടുക്കേണം.

3 അങ്ങനെ തന്നേ അവന്റെ കഴുതയുടെയും വസ്ത്രത്തിന്റെയും സഹോദരന്റെ പക്കൽനിന്നു കാണാതെ പോയിട്ടു നീ കണ്ടെത്തിയ ഏതൊരു വസ്തുവിന്റെയും കാര്യത്തിൽ ചെയ്യേണം; നീ ഒഴിഞ്ഞുകളയേണ്ടതല്ല.

4 സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നതു നീ കണ്ടാൽ വിട്ടു ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാൻ അവനെ സഹായിക്കേണം.

5 പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടൈ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.

6 മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂടു നീ വഴിയിൽവെച്ചു കണ്ടാൽ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുതു.

7 നിനക്കു നന്നായിരിപ്പാനും ദീർഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.

8 ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.

9 നിന്റെ മുന്തിരിത്തോട്ടത്തിൽ വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താൽ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേർന്നുപോകും.

10 കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുതു.

11 ആട്ടുരോമവും ചണയും കൂടിക്കലർന്ന വസ്ത്രം ധരിക്കരുതു.

12 നീ പുതെക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.

13 ഒരു പുരുഷൻ ഒരു സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നശേഷം അവളെ വെറുത്തു:

14 ഞാൻ ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നാറെ അവളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേൽ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാൽ

15 യുവതിയുടെ അമ്മയപ്പന്മാർ അവളുടെ കന്യകാലക്ഷണങ്ങളെടുത്തു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതിൽക്കൽ കൊണ്ടുവരേണം.

16 യുവതിയുടെ അപ്പൻ മൂപ്പന്മാരോടു: ഞാൻ എന്റെ മകളെ ഈ പുരുഷന്നു ഭാര്യയായി കൊടുത്തു; എന്നാൽ അവന്നു അവളോടു അനിഷ്ടമായിരിക്കുന്നു.

17 ഞാൻ നിന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേൽ നാണക്കേടു ചുമത്തുന്നു; എന്നാൽ എന്റെ മകളുടെ കന്യകാലക്ഷണങ്ങൾ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം വിടർക്കേണം.

18 അപ്പോൾ പട്ടണത്തിലെ മൂപ്പന്മാർ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം.

19 അവൻ യിസ്രായേലിൽ ഒരു കന്യകയുടെമേൽ അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവർ അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവൾ അവന്നു തന്നേ ഭാര്യയായിരിക്കേണം; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

20 എന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്കു സത്യം ആയിരുന്നാൽ

21 അവർ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതിൽക്കൽ കൊണ്ടുപോയി അവൾ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു അപ്പന്റെ വീട്ടിൽവെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

22 ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തൻ ശയിക്കുന്നതു കണ്ടാൽ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം.

23 വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തൻ പട്ടണത്തിൽവെച്ചു കണ്ടു അവളോടുകൂടെ ശയിച്ചാൽ

24 യുവതി പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷൻ കൂട്ടുകാരന്റെ ഭാര്യക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതിൽക്കൽ കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.

25 എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തൻ വയലിൽ വെച്ചു കണ്ടു ബലാൽക്കാരംചെയ്തു അവളോടു കൂടെ ശയിച്ചാൽ പുരുഷൻ മാത്രം മരണശിക്ഷ അനുഭവിക്കേണം.

26 യുവതിയോടോ ഒന്നും ചെയ്യരുതു; അവൾക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തൻ കൂട്ടുകാരന്റെ നേരെ കയർത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.

27 വയലിൽവെച്ചല്ലോ അവൻ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാൻ ആൾ ഇല്ലായിരുന്നു.

28 വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ

29 അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.

30 അപ്പന്റെ ഭാര്യയെ ആരും പരിഗ്രഹിക്കരുതു; അപ്പന്റെ വസ്ത്രം നീക്കുകയും അരുതു.